ഒരു "ക്ലീഷേ" യക്ഷിക്കഥ


കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ നാലു യുഗത്തിന്കലും അനേകം രാജാക്കന്മാര്‍ ഭൂമി വഴിപോലെ വാണു രക്ഷിച്ചതിന്റെ ശേഷം , ക്ഷത്രിയ കുലത്തിങ്കല്‍ ദുഷ്ടരാജാക്കന്മാരുണ്ടായവരെ മുടിച്ചു കളവാനായിക്കൊണ്ടു ശ്രീ പരശുരാമന്‍ അവതരിച്ചു. എങ്കിലോ, പണ്ടു ശ്രീ പരശുരാമന്‍ ഇരുപത്തൊന്നു വട്ടം മുടി ക്ഷത്രിയരെ കൊന്ന ശേഷം വീരഹത്യാ ദോഷം പോക്കണം എന്ന് കല്പിച്ചു , കര്‍മ്മം ചെയ്വാന്തക്കവണ്ണം ഗോകര്‍ണ്ണം പുക്കു, കന്മലയില്‍ ഇരുന്നു, വരുണനെ സേവിച്ചു തപസ്സുചെയ്തു,വാരാന്നിധിയെ നീക്കം ചെയ്തു, ഭൂമി ദേവിയെ വന്ദിച്ചു, നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി, മലയാള ഭൂമിയ്ക്ക് രക്ഷ വേണം എന്നു കല്പിച്ചു, ൧൦൮ രംശ്വര പ്രതിഷ്ഠ ചെയ്തു . എന്നിട്ടും ഭൂമിയ്ക്കിളക്കം മാറിയില്ല എന്നു കണ്ട ശേഷം ശ്രീ പരശുരാമന്‍ നിരൂപിച്ചു ബ്രാഹ്മണരെ ഉണ്ടാക്കി, പലദിക്കില്‍ നിന്നും കൊണ്ടുവന്നു കേരളത്തില്‍ വെച്ചു. അവര്‍ ആരും ഉറച്ചിരുന്നില്; അവര്‍ ഒക്കെ താന്താന്റെ ദിക്കില്‍ പൊയ്ക്കളഞ്ഞു. അതിന്റെ ഹേതു കേരളത്തില്‍ സര്‍പ്പങ്ങള്‍ വന്നു നീങ്ങാതെ ആയിപ്പോയി. അവരുടെ പീഡകൊണ്ട് ആര്‍ക്കും ഉറച്ചു നില്ക്കാന്‍ വശമില്ലാഞ്ഞതിന്റെ ശേഷം നാഗത്താന്മാര്‍ കുറയ കാലം കേരളം രക്ഷിച്ചു, എന്റെ പ്രയത്നം നിഷ്ഫലം എന്ന് വരരുത് എന്നു കല്പിച്ചു , ശ്രീ പരശുരാമന്‍ ഉത്തര ഭൂമിയിങ്കല്‍ ചെന്നു, ആര്യപുരത്തില്‍ നിന്നു, ആര്യ ബ്രാഹ്മണരെ കൊണ്ടുപോന്നു.”
-കേരളോല്പത്തി


            കാലാ കാലങ്ങളായി നാട്ടാര് കണ്ടു പേടിച്ച എല്ലാ പ്രേത സിനിമയുടെയും മെയിന്‍ സീന്‍ പോലെ, നമുക്ക് കാണാനുള്ള ഇത്തിരി വെട്ടം ഒഴിച്ചാല്‍, ആ രാത്രി മുത്താത്തങ്കുന്നും ആനക്കാവും പെരുമ്പാട്ടിപ്പുഴയും  ഇരുണ്ടു കിടന്നിരുന്നു എന്നാണു ചരിത്രം പറയുന്നത്. സംഭവം നടക്കുന്നത് പണ്ടുപണ്ട്, വളരെ പണ്ട് , സിനിമയ്ക്കും സിനിമാ സംവിധായകന്‍ വിനയനും മുന്നേ ആയതുകൊണ്ട് ആരും ക്ലീഷേ എന്ന് തൊള്ള തുറന്നുകാണില്ല. എന്തായാലും അന്നു രാത്രി, കുറുക്കനും കൂമനും നരിച്ചീറും കൂടി ആംബിയന്‍സിന് ചേര്‍ന്ന ബിജിഎം കൊടുത്തു. ഇരുട്ടിന് കാവല്‍ നിന്ന കരിമ്പനപ്പറ്റങ്ങള്‍ക്ക് ചുറ്റും വരണ്ട കിഴക്കന്‍ കാറ്റ് വട്ടം ചുറ്റി. അകലെ കരിമ്പോത്തു മലയില്‍  മാത്രം ചത്തുകെട്ടു പോവാറായ ഒരിത്തിരി തീയ് പുകഞ്ഞുകത്തി. കുറച്ചുനേരമായിട്ട് ഒന്നും സംഭവിക്കാതിരുന്നപ്പോള്‍  ഇനി ഇത് ശരിക്കും യക്ഷിക്കഥ തന്നെ അല്ലായിരിക്കുമോ എന്ന് കുന്നിനും കാവിനും പുഴയ്ക്കുമൊക്കെ സംശയം തോന്നിത്തുടങ്ങി. അപ്പോള്‍, അപ്പോള്‍ അങ്ങ് ദൂരെ വടക്ക് ഒരു ചൂട്ടുമിന്നി.

മിന്നിയ ചൂട്ടിന് പുറകെ ചൂട്ടൊന്ന് വേറെ മിന്നി. അവിടന്ന് രണ്ടു രൂപങ്ങള്‍ തെക്കോട്ട്‌ മലയിറങ്ങി. കുടവയറുള്ള നമ്പൂരി, ഒറ്റമുണ്ടിന്റെ ധാരാളിത്തത്തില്‍ മുന്നില്‍ നടന്നു. ചെവിയില്‍ പൂടയുള്ള നായര്‍ ഒറ്റമുണ്ടും ഇല്ലെങ്കിലും പതിവുപോലെ ഗമയില്‍ നമ്പൂരിയുടെ പിന്നാലെ നടന്നു. മൂന്നു കോണുകളുള്ള തുണിക്കഷ്ണത്തിന് നാണം മാറ്റാന്‍ കഴിയും എന്ന് കണ്ട ക്രാന്തദര്‍ശിയായ കാരണവരേ  നിനക്ക് നന്ദി. നായരുടെ തോളില്‍ പ്രപിതമഹന്മാരായി കൈമാറി വന്ന കുടുംബ വാള്‍ ഞാന്നു കിടന്നു. എഴുതപ്പെട്ട ചരിത്രത്തില് വടക്കേടത്ത് മനയ്ക്കലെ നമ്പൂരിയാണ് എന്നല്ലാതെ എവിടെയും പേര് ഇല്ലെങ്കിലും നമ്പൂരി, രാമന്‍ തന്നെ ആയിരുന്നു അതെന്നാണ് കരക്കമ്പി. രാമന്‍ നമ്പൂരി അല്ലാതെ അയ്യപ്പന്‍ നമ്പൂരി ആവാന്‍ ഏതായാലും തരമില്ലല്ലോ. 'വടക്കേടത്ത് മനയിലെ  അയ്യപ്പന്‍ നമ്പൂരി', പഞ്ചായത്ത്‌ പ്രസിഡന്റ് കോമ്രേഡ് ചാത്തുക്കുട്ടിയും ഗൂഗിളിന്റെ സി.ഇ.ഒ കസേരയും തമ്മില്‍ ഉണ്ടാകുമോ ഇതിനെക്കാള്‍ ചേര്‍ച്ചക്കുറവ്. അയ്യപ്പന് കൂടിപ്പോയാല്‍ വല്ല നായരും ആവാം. അതിനു മുകളിലേയ്ക്ക് അയ്യപ്പന് പ്രവേശനമില്ല. എന്തായാലും അയ്യപ്പനും നമ്പൂരിയും തമ്മിലുളള ഈ ചേര്‍ച്ചക്കുറവ് ചരിത്രാതീതകാലം മുതല്‍ ഉള്ളതുകൊണ്ടും, കോടാലിയെറിഞ്ഞൊരു രാമന് പേരും പെരുമയും ഉള്ള കാലമായതുകൊണ്ടും ആവണം നമ്പൂരിമാരില്‍ രാമന്മാര്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ടെക്കികള്‍ എന്ന മാതിരി ആയിട്ടുപോലും  പറഞ്ഞു കേട്ട കഥകളില്‍ ഒരിയ്ക്കല്‍ പോലും ടി നമ്പൂരിയുടെ പേര് അയ്യപ്പന്‍ എന്നാവാതെ രാമനില്‍ തന്നെ വിദഗ്ദ്ധമായി പിടിച്ചു നിന്നത്.  

“എടോ കോന്തന്‍ നായരേ,” 

കുന്നിറങ്ങി, ആനക്കാവില്‍ കയറുന്ന ആ തിരിവില്‍ വെച്ച് നമ്പൂരി വിളിച്ചു. എന്ത്‌ വേണമെങ്കിലും വിളിക്കുക എന്നത് നമ്പൂരിയുടെ അധികാരവും നമ്പൂരി  എന്ത് വിളിച്ചാലും അത് കേള്‍ക്കുക എന്നത് നായരുടെ കടമയും  ആയതുകൊണ്ട് നായര്‍ ഏലിയാസ് കാര്യസ്ഥന്‍ പശു അമറുന്നത് പോലെ വിളികേട്ടു,
               “മ്പ്രാ...”

                “മഴക്കോള് കാണുന്നുണ്ടല്ലോ. നമ്മള്‍ വൈകിയോ?”

“ആ ലേശം വൈകിയിരിക്കുന്നു. “

“ന്ന് വെച്ച്, വീട്ടില്‍ എത്തുമ്പോ ചിരുതക്കുട്ടി പരിഭവിക്ക്യൊന്നും ല്ല്യ വ്വോ?

ഒന്നും മിണ്ടാതെ ഇളിച്ചു നടന്ന നായരോട്, നമ്പൂരി ഒരു വഷളന്‍ ചിരി ചിരിച്ചുകൊണ്ട് തുടര്‍ന്നു, 

“അല്ല, ഇനി പരിഭവം ഉണ്ടെങ്കിലും അത് മാറ്റാന്‍ നിയ്ക്കറിയാം . നീ ഇന്ന് രാത്രി പടിഞ്ഞാറേ പള്ളിയാലില്‍ പോയി കാവല്‍ കിടന്നാല്‍ മതി.”

“റാന്‍,”

 മുത്താത്തങ്കുന്നിന്റെയും ആനക്കാവിന്റെയും ഇത്തിരി വട്ടതിനപ്പുറം ഉദ്ദേശം പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ രാജ്യമായ രാജ്യമാകെ പുകള്‍പെറ്റ ഇല്ലമാണ്. നമ്പൂരിയാകട്ടെ തിരുവിതാംകൂര്‍ എം.പി ഇംഗ്ലീഷ്  പറയുന്ന മാതിരി സംസ്കൃതം പറയുന്ന പണ്ഡിതനും, ഒറ്റരാത്രി കൊണ്ട് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി ശത്രു രാജ്യത്ത് പോയി പത്തുമുന്നൂറുപേരെ ചുട്ടുകൊന്ന വീരശൂര പരാക്രമിയും.   അമേരിക്കന്‍ പ്രസിണ്ടന്റിനെ സ്വീകരിയ്ക്കുന്ന പ്രധാനസചിവശ്രീ യെപ്പോലെ നായരുടെ ഉള്ളാകെ അഭിമാനപൂരിതമായി.  അവര്‍ പിന്നെയും നടന്നു.

“കേട്ടോ നായരേ, കരിമ്പോത്തു മലയില്‍ ഇന്നലെ ചെയ്തപോലെ ഇവിടെ കൂടി കൃഷി ഇറക്കണം.”

മുത്തപ്പനാലിന്റെ ചോട്ടില്‍ നിന്ന് കരിമ്പോത്തു മലയുടെ മണ്ടയിലെ തീയിലേക്ക് നോക്കി നമ്പൂരി തന്റെ പ്രോജക്റ്റ് പ്രൊപോസല്‍ മുന്നോട്ട് വെച്ചു. ഏതു ‘കൃഷി’യെ പറ്റിയാണ് നമ്പൂരി പരാമര്‍ശിച്ചത് എന്ന് നായരൊന്നു ശങ്കിച്ചുപോയി. എങ്കിലും “കൃഷി എന്നൊന്നും പറഞ്ഞാല്‍ അവറ്റ ഇറങ്ങില്ല,” എന്ന്‍ ഒരുവിധം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പറഞ്ഞൊപ്പിച്ചു.

               “തേവരെ കുടി വെക്കാന്‍ ആണെന്ന് പറഞ്ഞോ”

                “അവറ്റകള്‍ക്ക് ആദ്യമേ തേവര്‍ ഉണ്ടല്ലോ”

                “അത് കറുത്തത്, പെണ്ണും. നീച മൂര്‍ത്തി.”

                “ഇത്?”

                “ഇത് വെളുത്തത്, ആണ്, സംസ്കൃതം പറയുന്നത്.”

                "ബലേ ഭേഷ്, "

               ആ സ്പെസിഫിക്കേഷനില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂടിവ് നായര്‍ വീണു.

         “അമ്പലം വന്നു കഴിഞ്ഞാ പിന്നെ നെലം ഒരുക്കിക്കോ. അവറ്റകളെയും കൂട്ടിക്കോ. സന്ധ്യാവുമ്പോ ഇല്ലത്തു പടിഞ്ഞാറു മുറ്റത്തുള്ള മാവീന്നു ഒരു പത്തോ പതിനഞ്ചോ മാങ്ങ പറിച്ചു കൊടുക്ക്.”

               “കേള്‍ക്കാത്തവരെയോ”

           “വെറുതെയാണോ നീയീ വാളും കൊണ്ട് നടക്കുന്നെ? നല്ലതെന്തെങ്കിലും തുടങ്ങുമ്പോ കുരുതി നല്ലതാ ”

             “ഞാന്‍ ഒറ്റയ്ക്കോ?”

            “അല്ല ശുംഭാ, വേണ്ടത്ര ആളെ കൂട്ടിക്കോ. ഞാന്‍ പറയാം.”

            “പിന്നെ എല്ലാം അഗ്നി ദേവനെ എല്പിയ്ക്കുക.”
       
            “തീയിടണോ, അത്രയ്ക്കും വേണോ?”

            “ആവാം എന്നാണ് പണ്ടൊരു നമ്പൂരി  പറഞ്ഞത്, ഖാണ്ഡവം ന്നൊരു കാട് കത്തിയ്ക്കുമ്പോ”

            “ന്നാലും അവറ്റകളും മനുഷ്യരല്ലേ?”
   
            “ഈ അനുകമ്പ നിനക്ക് ബുദ്ധിയില്ലാത്തോണ്ട് തോന്നുന്നതാണ്”

  “അടിയന്‍ നായരാണ്. അടിയന്  പറഞ്ഞിട്ടുള്ളത് ബുദ്ധിയല്ല, അടിതടയാണ്. വിഷമത്തിലാക്കരുത്.” നായര്‍ അപേക്ഷിച്ചു.

         “എങ്കില്‍ കേട്ടോ. നീ ശരിയാണ് എന്ന് വിചാരിക്കുന്ന നിന്റെ പണിയ്ക്ക് ആര് തടസ്സം നിന്നാലും മടിയൊന്നും വിചാരിക്കാതെ കൊന്നു തള്ളിയേക്കണം.”

            “എന്നാരു പറഞ്ഞു?”

            “കൃഷ്ണന്‍”

            “അതാര്?വല്ല നായരുമാണോ”
   
            “വടക്ക് നാട്ടിലെ പഴയൊരു കാര്യസ്ഥന്‍. നായര്‍ തന്നെ”

എല്ലാ നായന്മാര്‍ക്കും എന്നപോലെ ഈ നായര്‍ക്കും തന്റെ നമ്പൂരിയെ പറ്റി തെല്ലത്ഭുതം തോന്നി. ആത്മീയം, കാര്‍ഷികം, സാമ്പത്തികം, പ്രതിരോധം, തത്വശാസ്ത്രം, നയതന്ത്രം എന്ന് വേണ്ട സകല കാര്യങ്ങളിലും നമ്പൂരി പണ്ഡിതന്‍ തന്നെ. കൂട്ടത്തില്‍ തന്റെ പൂര്‍വികനായ ആ ആ കാര്യസ്ഥന്‍ കൃഷ്ണന്‍ നായരെ പറ്റി അഭിമാനവും തോന്നി. ഇന്നായിരുന്നെങ്കില്‍ പ്രസ്തുത വ്യക്തികളെ പറ്റി ഫേസ്ബുക്കില്‍ ഒരു നീണ്ട നീണ്ട നീണ്ട പോസ്റ്റ് ഇട്ടേനെ പുള്ളി.  വല്ലാത്തോരാവേശത്തോടെ അയാള്‍ നടന്നു. പില്‍ക്കാലത്ത് അതുപോലെ ഒരാവേശം കണ്ടത് 1958-ല്‍ കൊടിപിടിച്ച ചില നായന്മാരില്‍ മാത്രമായിരുന്നു എന്നാണ് ചരിത്ര പണ്ഡിതരുടെ മതം. അതേതായാലും അടുത്ത ദിവസങ്ങളിലെ പ്രോഗ്രാമുകള്‍ ചാര്‍ട്ട് ചെയ്തുകൊണ്ട് നടന്ന നമ്പൂരിയും നായരും ആനക്കാവിന്റെ നടുവില്‍ പാലക്കുളത്തിന്റെ അടുത്തെത്തിയപ്പോഴാണ് ആ പെണ്ണ് വന്നത് എന്നാണ് പറയപ്പെടുന്നത്. പെട്ടെന്ന്‍ പൂച്ച എലിയെ കണ്ടാല്‍ എന്നമാതിരി നമ്പൂരിയും നായരും ഒന്ന് നിന്നു. അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി മാതിരി ചൂട്ട് ആകാശത്തേയ്ക്ക്  ഉയര്‍ത്തി പിടിച്ചു കൊണ്ട് നായര്‍, “പെണ്ണ് തന്നെ മ്പ്രാ” എന്ന് വിളിച്ചു പറഞ്ഞു. ക്യാമറ കണ്ട പ്രധാനസചിവനെ പോലെ  നമ്പൂരിയുടെ കണ്ണുകള്‍ തിളങ്ങി.

“കറുത്തിരുണ്ടാതെങ്കിലും സുന്ദരി തന്നെ. കറുത്ത മുടി മുകളിലേയ്ക്ക് കെട്ടി വെച്ചിരിക്കുന്നു, വലിയ നെറ്റി, വീതിയേറിയ ചുണ്ടുകള്‍, നുണക്കുഴി ഉള്ള കവിളുകള്‍, ഒതുങ്ങിയ ചുമലുകള്‍, സമൃദ്ധമായ മാറിടം.“

“നിര്‍ത്ത്‌ വിഡ്ഢി. നിയ്ക്ക് കണ്ണ് കാണാം.”

“നീയേതാ പെണ്ണേ?” 

ടി ജി രവി സ്റ്റൈലില്‍ മുന്നോട്ട് വന്നുകൊണ്ട് നമ്പൂരി ചോദിച്ചു.  

           "ഇവിടെ തന്നെ ഉള്ളതാ. കരിമ്പോത്തു മലയില്‍"

    "അതാണ്‌, നിന്നെ എവിടെയോ കണ്ടപോലെ. ഇന്നലെ കണ്ണ് വെട്ടിച്ചു കടന്നു അല്ലെ. അവസാനം ന്റെ മുമ്പില്‍ തന്നെ കിട്ടി. എടോ താന്‍ പൊക്കോ, പോയി ചിരുതക്കുട്ടിയോട് പറയാ, ഇന്നിനി അങ്ങോട്ട്‌ ഇല്ല്യാ, നാളെ ആവാം ന്ന്"

       ഒത്തുകിട്ടിയ ഒരോട്ടം, വൈകി വന്ന ബസ്സ്‌ കാരണം മിസ്‌ ആയ ഓട്ടോക്കാരനെ പോലെ  നായര്‍ നില്‍ക്കുമ്പോളാണ് ഒന്നാം തീയതി ഫുള്ളും കൊണ്ട് കേറി വന്ന കൂട്ടുകാരനെ കണ്ട ഒരു ശരാശരി മലയാളിയെ പോലെ നമ്പൂരി ആ പെണ്ണിന്റെ അടുത്തേയ്ക്ക്  ചെന്നത്. അത്രയേ നമ്പൂരിയ്ക്ക് ഓര്‍മ്മയുള്ളൂ. അത്രയേ നായര്‍ക്കും ഓര്‍മ്മയുള്ളൂ.  കെ ജി ജോര്‍ജ് സിനിമയിലെ ജലജയെ പോലെ നിന്നവള്‍ പെട്ടെന്ന് ഷാജി കൈലാസ് സിനിമയിലെ വാണി വിശ്വനാഥിനെ പോലെ ചാടി തിരിഞ്ഞ് നമ്പൂരിടെ നെഞ്ചത്തൊരു ചവിട്ട്. “നായരേ, പെണ്ണിന് കളരി അറിയാം” എന്ന്‍ ജഗതി സ്റ്റൈലില്‍ പറയാന്‍ നമ്പൂരിക്ക് അവസരം കിട്ടും മുന്നേ, നായര്‍ നാടുപിടിച്ചിരുന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. പണ്ട് തൃശ്ശൂര്‍ പൂരത്തിന് അമിട്ട് പൊട്ടിയിരുന്ന മാതിരി കുറച്ചു നേരത്തെ പൊട്ടലും ചീറ്റലും കഴിഞ്ഞപ്പോ, നമ്പൂരി ഈ ഭൂമിയില്‍ ഞാന്‍ എന്തിനു പിറന്നു എന്ന മട്ടില്‍ വീണു കിടക്കുകയായിരുന്നു. കിക്കോഫ്‌ നു തൊട്ടു മുന്നേ ബോളിന്റെ മോളില്‍ ഫോര്‍വേഡ് എന്ന മട്ടില്‍ നമ്പൂരിയുടെ നെഞ്ചത്ത് കാല് വെച്ച് അവളും.  അരയില്‍ നിന്ന് അരികു തേച്ചു മിനുക്കിയ ഒരു ചെറിയ അരിവാള്‍ എടുത്തു നമ്പൂരിയുടെ കഴുത്തിനോട് ചേര്‍ക്കുമ്പോള്‍ അയാള്‍ ഒന്നേ ചോദിച്ചുള്ളൂ. “നീ ഏതാ?” അതിന്റെ മറുപടി സെന്‍സര്‍ ചെയ്യാതെ പറയാന്‍ പറ്റില്ല എന്ന സാങ്കേതിക കാരണത്താല്‍ ഒരു ബീപ് ശബ്ദത്തില്‍ ഒതുക്കുന്നു. നമ്പൂരിയുടെ തടിച്ചു കുറുകിയ കഴുത്തിലേക്ക്‌ വാള്‍ കുത്തിയിറക്കി, മുത്താത്തങ്കുന്നിന്റെ മണ്ടയിലേയ്ക്ക് സ്ലോ മോഷനില്‍ അവള്‍ കയറി പോവുമ്പോള്‍ അവിടമാകെ മഴ പെയ്തു തുടങ്ങിയത്രേ. നൂറ്റാണ്ടുകള്‍ക്കിപ്പുറം മോട്ടോര്‍ സൈക്കിളില്‍ നാടുകണ്ട് വന്നൊരു അര്‍ജന്റീനക്കാരന്‍ ഡോക്ടര്‍ ഒരു  കരീബിയന്‍ ദ്വീപില്‍ ചുണ്ടില്‍ പുകയില ചുരുട്ടുമായി വന്നിറങ്ങിയപ്പോള്‍ ആണ് അതുപോലെ പിന്നൊരു മഴ പെയ്തത് എന്നാണ് പഞ്ചായത്ത് പ്രസിഡന്‍റ് കോമ്രേഡ് ചാത്തുക്കുട്ടി മാഷിന്റെ നിഗമനം. ഏതായാലും ആ മഴയത്ത് കരിമ്പോത്തു മലയിലെ തീയണഞ്ഞു. പിന്നീടവള്‍ എങ്ങോട്ട് പോയി എന്ന് കഥകളില്‍ എവിടെയും ഇല്ല.

പിറ്റേന്ന്നേരം പുലര്‍ന്നപ്പോള്‍ നായര്‍ ആനക്കാവില്‍ ബോധം കെട്ട് കിടപ്പുണ്ടായിരുന്നു. കുറച്ചപ്പുറത്ത്‌ നമ്പൂരി കഴുത്തില്‍ നിന്ന്‍ ചോര വാര്‍ന്ന്‍ ചത്ത് മലച്ചു കിടന്നു. ഇരുവരെയും കാണാതെ കാട് കയറിയ ബാക്കി നായന്മാര്‍ അടിയന്തിര യോഗം ചേര്‍ന്ന് വിവരം പുറത്തു വിടണ്ട എന്ന് തീരുമാനിച്ചു. പകരം  രാമന്‍ തപസ്സ് ചെയ്യാന്‍ കാട് കേറി എന്ന് വാര്‍ത്ത‍ പരന്നു. നാട് വെട്ടിയുണ്ടാക്കിയ ത്യാഗിയായ രാമന്റെ അപദാനങ്ങള്‍ വാട്സപ്പ് ഫോര്‍വേഡുകളായി പടര്‍ന്നു. രാമന്റെ ഉപനയനം കഴിഞ്ഞ ഉണ്ണി, രാമന്‍ രണ്ടാമന്‍ അച്ഛന്റെ മഹത്തായ പാരമ്പര്യം തുടര്‍ന്നു, ഒപ്പം കാര്യസ്ഥന്‍ നായരുടെ, മരുമകന്‍ നായര്‍ അമ്മാവന്റെയും. രണ്ടു ദിവസം കാര്യസ്ഥന്‍ നായര്‍ പനിച്ചു കിടന്നു. മൂന്നാം നാള്‍ ഞെട്ടിയെഴുന്നേറ്റ് അയാള്‍ അലറിവിളിച്ചു  “യക്ഷി”. ചിരുതക്കുട്ടിയും , പുതിയ സംബന്ധക്കാരനും ഞെട്ടി, ബാക്കി നായന്മാര്‍ ഞെട്ടി. കാര്യസ്ഥന്‍ നായര്‍ ഭ്രാന്തന്‍ നായര്‍ ആയി. പിന്നെയും നാട്ടില്‍ കാട് വെളുത്തുകൊണ്ടും, കുടിലുകള്‍ കത്തിക്കൊണ്ടും ഇരുന്നു. ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, വര്‍ഷങ്ങളും, നൂറ്റാണ്ടുകള്‍ തന്നെയും കടന്നുപോയി. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ  നമ്പൂരിമാരെ യക്ഷികള്‍ പിടിയ്ക്കുമ്പോള്‍, നായന്മാര്‍ ഞെട്ടി അലറിവിളിയ്ക്കുകയും ചെയ്തു.

Comments

Post a Comment

Popular posts from this blog

"കാകോളിപുരത്തപ്പന്‍ നീണാള്‍ വാഴട്ടെ!"

ചെക്കനും സുല്‍ത്താനും. അഥവാ ഒരു രാജ്യദ്രോഹ ചരിതം.