Posts

Showing posts from September, 2020

"കാകോളിപുരത്തപ്പന്‍ നീണാള്‍ വാഴട്ടെ!"

[ഈ കഥയിലെ ദൈവത്തിന് നില നില്‍ക്കുന്ന ദൈവങ്ങളുമായി ഒരു ബന്ധവുമില്ല. ഇതൊരു സ്വതന്ത്ര സങ്കല്‍പ്പമാണ്. ഈ കഥയിലെ ദൈവത്തിന് നിങ്ങളുടെ ദൈവവുമായി ബന്ധം തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ ദൈവത്തിന്റെ മാത്രം കുഴപ്പമാണ്.]   ആദ്യം   കേട്ടപ്പോള്‍ ഞാനും, എന്തിനധികം കുമാരേട്ടന്‍ പോലും വിശ്വസിച്ചില്ലെങ്കിലും അന്വേഷിച്ചു നോക്കിയപ്പോള്‍ സംഗതി സത്യമാണ്. കുമാരേട്ടന് ദൈവ ദര്‍ശനം കിട്ടിയിരിയ്ക്കുന്നു. അതേ, നമ്മുടെ ആഞ്ജനേയ ബസിന്റെ ഡ്രൈവര്‍ കുമാരന്‍ ഇല്ലേ, മൂപ്പര്‍ക്ക് തന്നെ.   അതും കണ്ണിക്കണ്ട ആപ്പ ഊപ്പ ദൈവത്തിനെയൊന്നുമല്ല, കാലാകാലങ്ങളായി കാകോളിപുരത്തിനെ കാത്തുരക്ഷിച്ചരുളുന്ന ദൈവങ്ങള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ സാക്ഷാല്‍ കാകോളിപുരത്തപ്പനെയാണ് ആള് കണ്ടത്. ഡ്യൂട്ടി ഇല്ലാത്ത ഒരു ദിവസം ഉച്ചയ്ക്ക് ഊണൊക്കെ കഴിഞ്ഞ് മയങ്ങുമ്പോള്‍ രാമുവിന്റെ കുര കേട്ടാണ് കുമാരേട്ടന്‍ ഉണര്‍ന്നതും പുറത്തേയ്ക്ക് വന്നതും. “രാമൂ,” എന്ന് കുമാരേട്ടനോ ഭാര്യ കാര്‍ത്ത്യായനി ചേച്ചിയോ ഒന്ന് നീട്ടി വിളിക്കേണ്ട താമസം ഓടി വന്ന് അവരുടെ കാല്‍ക്കല്‍ മുട്ടിയുരുമ്മി നില്‍ക്കാറുള്ള ആ നാടന്‍ നായയെ അവര്‍ പൈസ കൊടുത്തു വാങ്ങിയതൊന്നുമല്ല. ഒരു ദിവസം   കുമാരേ